വനിതാ ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ സെമിഫൈനല്‍ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ മികച്ച ഒരു മത്സരം കാണാം എന്നതിനപ്പുറം ഇന്ത്യന്‍ വിജയം പ്രതീക്ഷിച്ചിരുന്നവര്‍ കുറവായിരിക്കണം. വനിതാ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ പുലര്‍ത്തുന്ന മേധാവിത്തം തന്നെയാണ് അതിന് കാരണം.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 339 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചപ്പോള്‍ തന്നെ മത്സരം കൈവിട്ടെന്ന് കരുതിയവര്‍ ഏറെയായിരിക്കണം. എന്നാല്‍ തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടമായിട്ടും അവിശ്വസനീയമായ പോരാട്ടം നടത്തി വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
 
 			
 
 			
					
			        							
								
																	
	 
	 ജെമീമ റോഡ്രിഗസിന്റെയും ഹര്‍മന്‍ പ്രീതിന്റെയും പോരാട്ടവീര്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ അടിയറവ് പറഞ്ഞപ്പോള്‍ പുരുഷ ക്രിക്കറ്റ് ടീമിന് എങ്ങനെയാണോ 83ലെ ലോകകപ്പ് മാറ്റിമറിച്ചത് അത് വനിതാ ക്രിക്കറ്റില്‍ ഈ വര്‍ഷം ആവര്‍ത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കരുത്തരായ ഓസീസിനെ മലര്‍ത്തിയടിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
	 
	 മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്, മികച്ച ഫോമിലുള്ള ടസ്മിന്‍ ബ്രിറ്റ്‌സ്, പരിചയസമ്പന്നയായ മരിസന്‍ കാപ്പ്,സുനെ ലൂസ്, ക്ലോ ട്രയോണ്‍ തുടങ്ങി മികച്ച ഒരു കൂട്ടം കളിക്കാര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സെമിഫൈനലില്‍ വമ്പന്‍ സെഞ്ചുറി പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാകും ഇന്ത്യയുടെ പ്രധാന തലവേദന. പന്തുകൊണ്ടും ബാറ്റ് കൊണ്ടും കരുത്ത് നല്‍കുന്ന നദീന്‍ ഡി ക്ലര്‍ക്ക് അടക്കം മികച്ച ടീം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.
	 
	 ലോകകപ്പില്‍ 3 മത്സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റതിന് ശേഷം സെമി ഫൈനലില്‍ അസാധാരണമായ പ്രകടനം നടത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശനം. ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയം ഇന്ത്യന്‍ വനിതകളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ നവംബര്‍ 2 ഞായറാഴ്ച ഒരു സ്വപ്നകിരീടമാണ് വനിതാ ടീമിലൂടെ ഇന്ത്യ സ്വപ്നം കാണുന്നത്.