India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്
India vs Australia, 2nd T20I
India vs Australia, 2nd T20I: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറില്‍ 125 നു ഓള്‍ഔട്ട് ആയി. ഇന്ത്യയുടെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ബാറ്റിങ് ദുഷ്‌കരമെന്ന് തോന്നിപ്പിച്ച പിച്ചില്‍ 37 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം അഭിഷേക് 68 റണ്‍സെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ഹര്‍ഷിത് റാണ 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സുമായി വാലറ്റത്ത് ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയെല്ലാവരും അമ്പേ പരാജയം.
ശുഭ്മാന്‍ ഗില്‍ (10 പന്തില്‍ അഞ്ച്), സഞ്ജു സാംസണ്‍ (നാല് പന്തില്‍ രണ്ട്), സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ ഒന്ന്), തിലക് വര്‍മ (രണ്ട് പന്തില്‍ പൂജ്യം), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ ഏഴ്) എന്നിവരെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു.
ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ ഏലിസ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. മര്‍കസ് സ്‌റ്റോയ്‌നിസ് ഒരു വിക്കറ്റ് വീഴ്ത്തി.