Sanju Samson: ക്യാപ്റ്റനെ രക്ഷിക്കാന്‍ സഞ്ജുവിനെ ബലിയാടാക്കി; വിമര്‍ശിച്ച് ആരാധകര്‍
						
		
						
				
ഇന്ത്യ ബാറ്റിങ് ആരംഭിച്ച സമയത്ത് സഞ്ജു പാഡ് അണിഞ്ഞിട്ടുണ്ടായിരുന്നില്ല. അഞ്ചാമതോ ആറാമതോ മാത്രമേ സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നുള്ളൂ.
			
		          
	  
	
		
										
								
																	Sanju Samson: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തായതിനു പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു വേണ്ടി സഞ്ജുവിനെ കുരുതികൊടുത്തെന്നാണ് താരത്തിന്റെ ആരാധകര്‍ വിമര്‍ശിക്കുന്നത്. 
 
 			
 
 			
					
			        							
								
																	
	 
	മെല്‍ബണില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 10 പന്തുകള്‍ നേരിട്ട ഗില്‍ അഞ്ച് റണ്‍സുമായി പുറത്തായി. തൊട്ടുപിന്നാലെ ക്രീസിലെത്തിയത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത് സഞ്ജു അതിവേഗം കൂടാരം കയറി. 
	 
	ഏഷ്യ കപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തിലും നായകന്‍ സൂര്യകുമാര്‍ യാദവ് ആണ് വണ്‍ഡൗണ്‍ ഇറങ്ങിയത്. എന്നാല്‍ ഇത്തവണ ഓപ്പണറായ ഗില്‍ ബാറ്റ് ചെയ്യാന്‍ കഷ്ടപ്പെടുന്നത് കണ്ടതോടെ ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍ സഞ്ജുവിനെ ഇറക്കിവിട്ടെന്നാണ് ആരാധകരുടെ നിരീക്ഷണം. ഇന്ത്യ ബാറ്റിങ് ആരംഭിച്ച സമയത്ത് സഞ്ജു പാഡ് അണിഞ്ഞിട്ടുണ്ടായിരുന്നില്ല. അഞ്ചാമതോ ആറാമതോ മാത്രമേ സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഗില്‍ പുറത്തായതോടെ പിച്ച് ബാറ്റിങ്ങിനു ദുഷ്‌കരമാണെന്നു മനസിലാക്കി സൂര്യകുമാര്‍ യാദവിനു പകരം സഞ്ജുവിനെ ബലിയാടാക്കിയെന്ന് ആരാധകര്‍ പറയുന്നു. 
	 
	അതേസമയം തൊട്ടുപിന്നാലെ എത്തിയ നായകന്‍ സൂര്യ നാല് പന്തില്‍ ഒരു റണ്‍സെടുത്ത് കൂടാരം കയറി. ഇന്ത്യ ഇപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്.