ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 30), മാത്യു ഷോര്‍ട്ട് (19 പന്തില്‍ 25) എന്നിവര്‍ ചേര്‍ന്നു ഓസ്‌ട്രേലിയയ്ക്കു നല്ല തുടക്കമാണ് നല്‍കിയത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ 2-1 നു ലീഡ് സ്വന്തമാക്കി ഇന്ത്യ. നാലാം ടി20 മത്സരത്തില്‍ ആതിഥേയരെ 48 റണ്‍സിനു തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 18.2 ഓവറില്‍ 119 നു ഓള്‍ഔട്ട് ആയി.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 30), മാത്യു ഷോര്‍ട്ട് (19 പന്തില്‍ 25) എന്നിവര്‍ ചേര്‍ന്നു ഓസ്‌ട്രേലിയയ്ക്കു നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഇന്ത്യ ഓസീസ് മുന്നേറ്റത്തെ ചെറുത്തു. 1.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തിയത്. അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയ്ക്കും രണ്ട് വിക്കറ്റ്. വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ജോഷ് ഇഗ്ലിസ് (11 പന്തില്‍ 12), ടിം ഡേവിഡ് (ഒന്‍പത് പന്തില്‍ 14), ജോഷ് ഫിലിപ്പ് (10 പന്തില്‍ 10), മര്‍ക്കസ് സ്റ്റോയ്‌നിസ് (19 പന്തില്‍ 17), ഗ്ലെന്‍ മാക്‌സ്വെല്‍ (നാല് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.
39 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ (21 പന്തില്‍ 28), ശിവം ദുബെ (18 പന്തില്‍ 22), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 20), അക്സര്‍ പട്ടേല്‍ (11 പന്തില്‍ പുറത്താകാതെ 21) എന്നിവരും തിളങ്ങി.
പരമ്പരയില്‍ ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഒന്നാം ടി20 മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസീസ് ജയിച്ചു. മൂന്നാം ടി20 യില്‍ ഇന്ത്യക്കായിരുന്നു ജയം.