നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍
മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ നിരാശപ്പെടുത്തി ജിതേഷ് ശര്‍മ. സഞ്ജു സാംസണു പകരക്കാരനായി പ്ലേയിങ് ഇലവനില്‍ എത്തിയ ജിതേഷ് നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. മൂന്നാം ട്വന്റി 20 യിലും സഞ്ജുവിനു പകരം ജിതേഷാണ് കളിച്ചത്.
മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ പ്രകടനം കണക്കിലെടുത്താണ് നാലാം ടി20 യിലും ജിതേഷിനെ കളിപ്പിച്ചത്. എന്നാല്‍ ഓസീസ് സ്പിന്നര്‍ ആദം സാംപയുടെ പന്തില്‍ എല്‍ബിഡബ്‌ള്യുവില്‍ കുരുങ്ങി അതിവേഗം കൂടാരം കയറി. ഇതോടെ അടുത്ത മത്സരത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യതയും തെളിഞ്ഞു.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. 39 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ (21 പന്തില്‍ 28), ശിവം ദുബെ (18 പന്തില്‍ 22), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 20), അക്‌സര്‍ പട്ടേല്‍ (11 പന്തില്‍ പുറത്താകാതെ 21) എന്നിവരും തിളങ്ങി.