ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഓപ്പണിംഗ് താരം കെ എല്‍ രാഹുല്‍ പുറത്ത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ലെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെ എല്‍ രാഹുല്‍- റിഷഭ് പന്ത് കൂട്ടുക്കെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുന്‍പായി റിഷഭ് പന്തിനെയും ലഞ്ച് സമയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.
107 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായെന്ന നിലയില്‍ ക്രീസിലെത്തിയ കെ എല്‍ രാഹുല്‍- റിഷഭ് പന്ത് കൂട്ടുക്കെട്ട് 141 റണ്‍സ് സ്വന്തമാക്കിയതിന് ശേഷമാണ് പിരിഞ്ഞത്. ലഞ്ച് ഇടവേളയ്ക്ക് മുന്‍പായി കെ എല്‍ രാഹുലിന് സെഞ്ചുറി നേടാന്‍ സ്‌ട്രൈക്ക് കൈമാറാന്‍ ശ്രമിക്കവെ റണ്ണൗട്ടായാണ് റിഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായത്. ലഞ്ച് ഇടവേളയ്ക്ക് പിന്നാലെ കെ എല്‍ രാഹുല്‍ സെഞ്ചുറി സ്വന്തമാക്കിയെങ്കിലും 100 റണ്‍സില്‍ നില്‍ക്കെ ഷൊയ്ബ് ബഷീര്‍ എറിഞ്ഞ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കുകയായിരുന്നു.