50 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഓവലിൽ ഇന്ത്യ തങ്ങളുടെ വിജയം ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ 157 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് വിജയത്തോടെ നിരവധി റെക്കോഡുകളാണ് വിരാട് കോലി തന്റെ പേരിൽ എഴുതിചേർത്തത്.
ഇംഗ്ലണ്ടില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യയുടെ മൂന്നാമത്തെ ടെസ്റ്റ് വിജയമായിരുന്നു ഓവലിലേത്. ഇതോടെ മൂന്ന് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിൽ വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്‌റ്റൻ എന്ന റേക്കോഡ് കോലി തന്റെ പേരിൽ എഴുതിചേർത്തു. സൗത്ത്ആഫ്രിക്ക,ഓസ്ട്രേലിയ,ന്യൂസിലൻഡ്,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ഏറ്റവുമധികം ടെസ്റ്റ് വിജയം സ്വന്തമാക്കിയ ഏഷ്യൻ നായകൻ കൂടിയാണ് കോലി.
സെനാ രാജ്യങ്ങളിൽ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആറാം ടെസ്റ്റ് വിജയം കൂടിയാണിത്. ഇന്ത്യയുടെ മറ്റൊരു നായകനും ടോപ്പ് ത്രീയിലില്ല. പാകിസ്ഥാൻ മുൻ നായകന്മാരായ ജാവേദ് മിയാന്‍ദാദും വസീം അക്രവുമാണ് ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇവരുടെ കീഴിൽ നാലു മത്സരങ്ങളിലാണ് പാകിസ്ഥാൻ വിജയിച്ചിട്ടുള്ളത്.