റൺസൊഴുകുമെന്ന് പ്രവചിക്കപെട്ടിരുന്ന ന്യൂസിലൻഡിനെതിരായുള്ള മൂന്നാം ടി20യിൽ മികച്ച തുടക്കം മുതലെടുക്കാനാവാതെ ടീം ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും നിശ്ചിത 20 ഓവറിൽ5 വിക്കറ്റിന് 179 റൺസ് മാത്രമാണ് സ്വന്തമാക്കാനായത്. അർധ സെഞ്ച്വറിയോടെ രോഹിത് നൽകിയ മികച്ച തുടക്കം മുതലെടുക്കാനാവാത്തതാണ് ഇന്ത്യക്ക് വിനയായത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയെങ്കിലും ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. 9 ഓവറിൽ 89 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യൻ ഓപ്പണിങ് ജോഡി പിരിഞ്ഞത്. രാഹുൽ 27 റൺസെടുത്ത് പുറത്തായി. വൈകാതെ തന്നെ ഒരറ്റത്ത് വെടിക്കെട്ടഴിച്ചുവിട്ടിരുന്ന രോഹിത് ശർമ്മ 40 പന്തിൽ 65 റൺസെടുത്ത് പുറത്തായി. ആറ് ഫോറുകളും 3 സിക്സറുകളുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
തുടർന്ന് വിരാട് കോലിയെയാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ശിവം ദുബെയെ വെച്ചൊരു പരീക്ഷണത്തിനാണ് ഇന്ത്യൻ ടീം തയ്യാറായത്, ബാറ്റിങ് ഓർഡറിൽ മൂന്നാം സ്ഥാനക്കാരനായി ശിവം ദുബെ എത്തിയെങ്കിലും 7 റൺസ് മാത്രമെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ 89-1ൽ നിന്നും 96-3 എന്ന നിലയിലേക്കെത്തി. കോലിയും ശ്രേയസ് അയ്യരും കൂടി റൺസുയർത്തിയെങ്കിലും മുൻ മത്സരങ്ങളിലേത് പോലെ അയ്യർക്ക് തിളങ്ങാനായില്ല. 16 പന്തിൽ നിന്ന് 17 റൺസോടെയാണ് അയ്യർ പുറത്തായത്. ക്യാപ്‌റ്റൻ കോലിയും 38 റൺസ് നേറ്റി പുറത്തായി. അവസാന ഓവറിൽ മനീഷ് പാണ്ഡെയും രവീന്ദ്ര ജഡേജയും നേടിയ 18 റൺസാണ് ഇന്ത്യൻ സ്കോർ 180ന് അടുത്തെങ്കിലും എത്തിച്ചത്.കിവികൾക്ക് വേണ്ടി ഹാമിഷ് ബെന്നറ്റ് 3 വിക്കറ്റുകൾ വീഴ്ത്തി.