ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവരെ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ മൊഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 104 റണ്‍സിന്റെ കൂട്ടുക്കെട്ട് സൃഷ്ടിച്ച് പാകിസ്ഥാനെ സുരക്ഷിതമാക്കാനായെങ്കിലും ഇരുവരും തുടര്‍ച്ചയായി മടങ്ങിയത് പാകിസ്ഥാന് അടിയായി.
ഇന്ത്യന്‍ ബൗളിംഗില്‍ കുല്‍ദീപ് യാദവാണ് മികച്ച രീതിയില്‍ പോയിരുന്ന പാകിസ്ഥാനെ ബാക്ക് സീറ്റിലാക്കിയത്. മൊഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍ എന്നിവര്‍ മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ താരങ്ങളെ നിലം തൊടാന്‍ കുല്‍ദീപ് സമ്മതിച്ചില്ല. ആദ്യം സല്‍മാന്‍ അലി ആഘയേയും പിന്നീട് ഷഹീന്‍ അഫ്രീദിയേയും തുടര്‍ച്ചയായി പന്തുകളില്‍ മടക്കിയ കുല്‍ദീപ് വാലറ്റത്ത് മികച്ച രീതിയില്‍ കളിച്ചിരുന്ന നസീം ഷായെയും മടക്കി. ഇതോടെ 260ന് മുകളിലേക്ക് പോയിരുന്ന പാക് ഇന്നിങ്ങ്‌സിനെ ചെറിയ സ്‌കോറിലേക്ക് ഒതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
പാക് നിരയില്‍ 76 പന്തില്‍ 62 റണ്‍സടിച്ച സൗദ് ഷക്കീലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൊഹമ്മദ് റിസ്വാന്‍ 46 റണ്‍സും കുഷ്ദില്‍ ഷാ 38 റണ്‍സും നേടി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ 2 വിക്കറ്റും അക്ഷര്‍ പട്ടേല്‍ രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.