Haris Rauf: ഞങ്ങള്‍ ഇന്ത്യയെ ഇവിടെ രണ്ട് തവണ തോല്‍പ്പിച്ചിട്ടുണ്ട്, മൂന്നാമത്തെ തോല്‍വിക്കായി ശ്രമിക്കും: ഹാരിസ് റൗഫ്
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആവേശകരമായിരിക്കുമെന്നും തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടെന്നും റൗഫ് പറഞ്ഞു
Haris Rauf: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഫെബ്രുവരി 23 ഞായറാഴ്ച (നാളെ) ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 നു കളി ആരംഭിക്കും.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആവേശകരമായിരിക്കുമെന്നും തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടെന്നും റൗഫ് പറഞ്ഞു. ' ദുബായില്‍ ഞങ്ങള്‍ രണ്ട് തവണ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. അത് മൂന്നാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു, അന്നത്തെ മികച്ച പ്രകടനങ്ങള്‍ ഞങ്ങള്‍ ആവര്‍ത്തിക്കാനും ശ്രമിക്കും. ഞങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണ്. തീര്‍ച്ചയായും ഇത് മികച്ചൊരു കളിയായിരിക്കും. വളരെ പ്രധാനപ്പെട്ട മത്സരമാണിത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ക്കുമേല്‍ അമിത സമ്മര്‍ദ്ദമില്ല. എല്ലാ മത്സരങ്ങളെയും പോലെ തന്നെ ഇതിനെ കാണും,' റൗഫ് പറഞ്ഞു.
2021 ലെ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിനു തോല്‍പ്പിച്ചത് ദുബായില്‍ വെച്ചാണ്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു.