India vs Pakistan Scorecard: 'കോലിക്ക് എന്തോന്ന് പാക്കിസ്ഥാന്‍'; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
India vs Pakistan, Champions Trophy 2025: വിരാട് കോലി ഇന്ത്യക്കായി സെഞ്ചുറി നേടി. 111 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നു
India vs Pakistan Live Score Card
India vs Pakistan, Champions Trophy 2025: ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 നു ഓള്‍ഔട്ട് ആയപ്പോള്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് ശേഷിക്കെ ജയം സ്വന്തമാക്കി. 45 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം.
വിരാട് കോലി ഇന്ത്യക്കായി സെഞ്ചുറി നേടി. 111 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ (67 പന്തില്‍ 56), ശുഭ്മാന്‍ ഗില്‍ (52 പന്തില്‍ 46) എന്നിവരും തിളങ്ങി.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് ഒന്‍പത് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ടും ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു ഓരോ വിക്കറ്റുകളും. 76 പന്തില്‍ 62 റണ്‍സ് നേടിയ സൗദ് ഷക്കീല്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 77 പന്തില്‍ 46 റണ്‍സ് നേടി.
ഇന്ത്യക്കെതിരായ തോല്‍വിയോടെ ആതിഥേയരായ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി സെമി കാണാതെ പുറത്താകുമെന്ന സ്ഥിതിയായി. നേരത്തെ ന്യൂസിലന്‍ഡിനോടും പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു.
എന്തുകൊണ്ട് ദുബായ്?
ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനാണ്. എന്നാല്‍ ഇന്ത്യയുടെ കളികള്‍ നിഷ്പക്ഷ വേദിയായ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ആതിഥേയരായ പാക്കിസ്ഥാന്‍ അടക്കം ഇന്ത്യക്കെതിരെ കളിക്കാന്‍ ദുബായിലേക്ക് എത്തണം. ഇന്ത്യന്‍ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റാന്‍ ഐസിസി നിര്‍ബന്ധിതരായത്.