വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍സ് ലീഗില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്, ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് നടക്കേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ- പാക് സംഘര്‍ഷത്തിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ റാലിയുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയടക്കം പങ്കെടുത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ ടീമുമായി കളിക്കാന്‍ തയ്യാറല്ലെന്ന് ചില ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഹര്‍ഭജന്‍ സിംഗ്, സുരേഷ് റൈന, ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നീ താരങ്ങളാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ശിവസേന അടക്കമുള്ള പല സംഘടനകളും മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെയാണ് പാകിസ്ഥാനുമായി കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഇന്ത്യയെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഇന്ത്യന്‍ താരങ്ങള്‍ ഇത് സംഘാടകരെ അറിയിച്ചു. ഷാഹിദ് അഫ്രീദിയെ ഒഴിവാക്കികൊണ്ട് മത്സരം നടത്താമെന്ന നിര്‍ദേശം സംഘാടകര്‍ മുന്നോട്ട് വെച്ചെങ്കിലും കൂടുതല്‍ താരങ്ങള്‍ പിന്മാറിയേക്കും എന്ന സൂചന കൂടി വന്നതോടെ മത്സരം ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വോളിബോളില്‍ ഏറ്റുമുട്ടിയിരുന്നു. അതോടൊപ്പം ഇന്ത്യയില്‍ നടക്കുന്ന ലോക ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ- പാക് മത്സരങ്ങള്‍ നടത്തുന്നതില്‍ സാങ്കേതികമായി പ്രശ്‌നങ്ങളില്ല എന്നതുകൊണ്ടാണ് മത്സരവുമായി മുന്നോട്ട് പോയതെന്ന് സംഘാടകര്‍ പറയുന്നു.അതേസമയം തീരുമാനം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.