India vs SA : പന്ത് ടീമിൽ തിരിച്ചെത്തി, ആദ്യ ടെസ്റ്റിൽ ബാറ്ററെന്ന നിലയിൽ ജുറലും ടീമിൽ, സ്പിൻ കെണിയിൽ ഇന്ത്യ തന്നെ വീഴുമോ?
ബാറ്ററെന്ന നിലയില്‍ ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനം.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പെ പരിക്കില്‍ നിന്നും മോചിതനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പന്തിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ താരമായ ധ്രുവ് ജുറലും ടീമില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്. ഇതോടെ ബാറ്ററെന്ന നിലയില്‍ ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനം. ഇതിന്റെ ഭാഗമായി ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കഴിഞ്ഞ ദിവസം ടെസ്റ്റ് ടീമില്‍ നിന്നും റിലീസ് ചെയ്തിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ റിഷഭ് പന്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിച്ചിരുന്നു. ഇതേ പരമ്പരയില്‍ ധ്രുവ് ജുറലും ഇന്ത്യ എയ്ക്കായി മികച്ച പ്രകടനമാണ് നടത്തിയത്.ഇതോടെ കെ എല്‍ രാഹുല്‍ അടക്കം 3 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാകും ഇന്ത്യന്‍ ടീമിലുണ്ടാവുക. യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, കെ എല്‍ രാഹുല്‍,ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍ എന്നിവരാകും ബാറ്റര്‍മാര്‍.
ഓള്‍റൗണ്ടര്‍മാരായി വാഷിങ്ങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടെല്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലുള്ളത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപും ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. കൊല്‍ക്കത്തയില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാകും ഇന്ത്യ ഒരുക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അക്‌സര്‍ പട്ടേല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം നഷ്ടമാകും.
അതേസമയം മികച്ച സ്പിന്‍ നിരയാണ് ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.കേശവ് മഹാരാജ്- സിമോണ്‍ ഹാര്‍മര്‍, സെനുറാന്‍ മുത്തുസ്വാമി എന്നിവര്‍ പാകിസ്ഥാനില്‍ നടന്ന പര്യടനത്തില്‍ 33 വിക്കറ്റുകളാണ് വീഴ്ത്തിയത്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയുടെ ഈ സ്പിന്‍ കെണി തിരിച്ചടിച്ചിരുന്നു. അതിനാല്‍ തന്നെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ മത്സരത്തിനായി കാത്തുനില്‍ക്കുന്നത്.