Rajasthan Royals : പരാഗല്ല!, സഞ്ജുവിന് പകരം രാജസ്ഥാൻ നായകനാവുക ഈ രണ്ട് യുവതാരങ്ങളിൽ ഒരാൾ
ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്കെന്ന വാര്‍ത്തകള്‍ ചൂട് പിടിച്ചിരിക്കെ രാജസ്ഥാന്‍ ക്യാമ്പില്‍ പുതിയ നായകനാരെന്ന ചര്‍ച്ചകള്‍ സജീവം. അടുത്ത സീസണിന് മുന്‍പായി ടീം വിടണമെന്ന് സഞ്ജു അറിയിച്ചതോടെ തന്നെ പുതിയ നായകനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് രാജസ്ഥാന്‍ ക്യാമ്പില്‍ തുടക്കമായിരുന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഎല്ലില്‍ രാജസ്ഥാന്റെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായാണ് സഞ്ജു പടിയിറങ്ങുന്നത്. അതിനാല്‍ തന്നെ സഞ്ജുവിന് പകരക്കാരനെ കണ്ടെത്തുക എന്നത് വെല്ലുവിളി ഏറിയ കാര്യമാണ്. നിലവില്‍ നായകസ്ഥാനത്തിനായി യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2 താരങ്ങളോടും സന്നദ്ധരായി ഇരിക്കാന്‍ കോച്ച് സംഗക്കാര ആവശ്യപ്പെട്ടതായി പറയുന്നു.
നിലവില്‍ രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ പ്രധാന താരമാണ് ജയ്‌സ്വാള്‍. സഞ്ജു പോകുന്നതോടെ ടീമിലെ ഏറ്റവും വിലയേറിയ താരമായും ജയ്‌സ്വാള്‍ മാറും. അതേസമയം മധ്യനിരയുടെ വിശ്വസ്തനായ താരമാണ് ജുറല്‍. സഞ്ജു പോകുന്നതോടെ വിക്കറ്റ് കീപ്പിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ജുറല്‍ ആയിരിക്കും.