WTC Final Qualification: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത്?
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 2-2 സമനിലയാകുകയാണെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആകും
WTC Final Qualification: ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ വാശിയോടെ പോരടിക്കുന്നത്. പെര്‍ത്ത് ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.
3-0, 4-0, 4-1, 5-0 എന്നീ നിലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയാല്‍ ഒന്നാം സ്ഥാനവുമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാം. മുകളില്‍ പറഞ്ഞ പോലെയാണെങ്കില്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളൊന്നും ഇന്ത്യയെ സ്വാധീനിക്കില്ല.
ഇന്ത്യ 3-1 നു ജയിക്കുകയാണെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിക്കരുത്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക രണ്ടാം ടെസ്റ്റ് സമനിലയില്‍ ആയാലും മതി. അതേസമയം ഇന്ത്യ 3-2 നു ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നേടുകയാണെങ്കില്‍ ശ്രീലങ്കയുടെ കനിവിനായി കാത്തിരിക്കണം. അതായത് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക സമനിലയെങ്കിലും പിടിക്കണം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 2-2 സമനിലയാകുകയാണെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആകും. അതായത് ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പര 2-2 നിലയില്‍ അവസാനിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 2-0 ത്തിനു തോല്‍പ്പിക്കുകയും ശ്രീലങ്ക ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയിക്കുകയും വേണം.