പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !
അഡ്‌ലെയ്ഡില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങും
അഡ്‌ലെയ്ഡ് ടെസ്റ്റിനു ഒരുങ്ങുന്ന ഇന്ത്യന്‍ ക്യാംപില്‍ സെലക്ഷന്‍ തലവേദന. രോഹിത് ശര്‍മ മടങ്ങിയെത്തിയ സാഹചര്യത്തില്‍ കെ.എല്‍.രാഹുലിനെ എവിടെ ഇറക്കുമെന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഉറക്കം കെടുത്തുന്നത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഓപ്പണര്‍ ആയി ഇറങ്ങി മികച്ച പ്രകടനം നടത്തിയ കെ.എല്‍.രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയാല്‍ അത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് പരിശീലക സംഘത്തിന്റെയും മാനേജ്‌മെന്റിന്റെയും നിലപാട്.
അഡ്‌ലെയ്ഡില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം രോഹിത് ശര്‍മ ഓപ്പണറായി ഇറങ്ങും. പരുക്കില്‍ നിന്ന് മുക്തനായി ശുഭ്മാന്‍ ഗില്‍ കൂടി തിരിച്ചെത്തുകയാണെങ്കില്‍ രാഹുലിനെ വണ്‍ഡൗണ്‍ ഇറക്കാനും സാധിക്കില്ല. വിരാട് കോലിക്കു ശേഷം അഞ്ചാമതോ അല്ലെങ്കില്‍ റിഷഭ് പന്തിനു ശേഷം ആറാമതോ രാഹുലിനെ ഇറക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിടാന്‍ സാധിച്ചത് രാഹുലിന് മാത്രമാണ്. ന്യൂ ബോളില്‍ അടക്കം രാഹുല്‍ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. അങ്ങനെയൊരു താരത്തെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് ടീമിനു ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം.
ഗില്‍ പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനായാലും അഡ്‌ലെയ്ഡില്‍ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഗില്‍ കളിക്കുന്നില്ലെങ്കില്‍ വണ്‍ഡൗണ്‍ ആയി രാഹുലിനെ ഇറക്കാന്‍ സാധിക്കും. രോഹിത്തും ജയ്‌സ്വാളും ഓപ്പണര്‍മാരായി എത്തുമ്പോള്‍ രാഹുല്‍ വണ്‍ഡൗണ്‍ ആകുന്ന കോംബിനേഷന്‍ ആണ് അഡ്‌ലെയ്ഡില്‍ ഇന്ത്യ ഉപയോഗിക്കുക. നാലാമത് വിരാട് കോലിയും അഞ്ചാമത് റിഷഭ് പന്തും കളിക്കും. നിതീഷ് റെഡ്ഡി അടുത്ത കളിയിലും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. മുഹമ്മദ് ഷമി ഓസ്‌ട്രേലിയയില്‍ എത്തുകയാണെങ്കില്‍ ഹര്‍ഷിത് റാണയ്ക്കു പകരം പേസ് നിരയില്‍ ഇടം പിടിക്കും.