ഏഴാം റാങ്കില്‍ കിടക്കുന്ന ബംഗ്ലാദേശിന് വരെ ഇതിനേക്കാള്‍ നല്ല വാലറ്റമുണ്ട്, ഇന്ത്യയുടെ വാലറ്റം ഫ്രീ വിക്കറ്റ്; വിമര്‍ശനവുമായി ആരാധകര്‍
161-6 എന്ന നിലയില്‍ ബംഗ്ലാദേശ് പതറിയതാണ്
ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക ബാറ്റ് ചെയ്യാനറിയാത്ത വാലറ്റമാണെന്ന് ആരാധകര്‍. ഏഴാം റാങ്കില്‍ കിടക്കുന്ന ബംഗ്ലാദേശിന് പോലും ഇതിനേക്കാള്‍ മികച്ച വാലറ്റമുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് തോല്‍ക്കാന്‍ കാരണം വാലറ്റത്തിന്റെ മോശം പ്രകടനമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
161-6 എന്ന നിലയില്‍ ബംഗ്ലാദേശ് പതറിയതാണ്. എന്നാല്‍ പിന്നീട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 എന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അതായത് ആറ് വിക്കറ്റ് വീണതിനു ശേഷവും സ്‌കോര്‍ കാര്‍ഡില്‍ 100 റണ്‍സിന് അടുത്ത് ചേര്‍ക്കാന്‍ ബംഗ്ലാദേശ് വാലറ്റത്തിനു സാധിച്ചു.
എന്നാല്‍ ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാല്‍ വാലറ്റം ഫ്രീ വിക്കറ്റ് ആകുന്ന കാഴ്ചയാണ് കാണുന്നത്. 170-6 എന്ന നിലയില്‍ നിന്ന് 259 ന് ഇന്ത്യ ഓള്‍ഔട്ടായി. അതായത് ബംഗ്ലാദേശ് രണ്ട് വിക്കറ്റില്‍ 100 റണ്‍സിന് അടുത്ത് എടുത്തപ്പോള്‍ ഇന്ത്യയുടെ വാലറ്റത്തിനു സാധിച്ചത് നാല് വിക്കറ്റിനിടയില്‍ വെറും 89 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്യാനാണ്. വാലറ്റം കുറച്ചുകൂടി ഉത്തരവാദിത്തത്തില്‍ ബാറ്റ് ചെയ്താലേ ഇന്ത്യക്ക് ലോകകപ്പില്‍ പ്രതീക്ഷയുള്ളൂ എന്നാണ് ആരാധകരുടെ അഭിപ്രായം.