ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഇതിന് ശേഷമാകും ടീമിനെ പ്രഖ്യാപിക്കുക. ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലിനെ കൂടി പരിഗണിക്കുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ ഓപ്പണിംഗ് സ്ഥാനത്തെയാകും അത് ബാധിക്കുക. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും. സഞ്ജു സാംസണെ കൂടാതെ ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍ എന്നിവരില്‍ ഒരാളെയാകും രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുക.
കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഏഷ്യാകപ്പ് ടീമിലേക്ക് പരിഗണിക്കിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയ്‌സ്വാളിനൊട് റെഡ് ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്കായി 23 ടി20 മത്സരങ്ങളില്‍ നിന്നും 723 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ 10നാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം സെപ്റ്റംബര്‍ 14നാണ്.