Jasprit Bumrah: ഏഷ്യാ കപ്പ് കളിക്കാന്‍ ബുംറ, ഉറപ്പിച്ച് ഗില്ലും; പുറത്തിരിക്കേണ്ടവരില്‍ സഞ്ജുവും?
ഏഷ്യാ കപ്പില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Jasprit Bumrah: സെപ്റ്റംബര്‍ ഒന്‍പതിനു ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രിത് ബുംറയും കളിക്കും.
ഏഷ്യാ കപ്പില്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ 'കുട്ടി ക്രിക്കറ്റ്' ഫോര്‍മാറ്റില്‍ സജീവമാകാനാണ് ബുംറയുടെ തീരുമാനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തിനു വിശ്രമം അനുവദിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെങ്കിലും ബാക്കപ്പ് ഓപ്പണര്‍ മാത്രമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം ശുഭ്മാന്‍ ഗില്ലിനു ഏഷ്യാ കപ്പില്‍ കളിക്കാന്‍ താല്‍പര്യമുണ്ട്. ഗില്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചാല്‍ അഭിഷേക് ശര്‍മയ്‌ക്കോ യശസ്വി ജയ്‌സ്വാളിനോ ഒപ്പം പ്രധാന ഓപ്പണറായി ഇറങ്ങും. അങ്ങനെ വന്നാല്‍ സഞ്ജു ബാക്കപ്പ് ഓപ്പണര്‍ മാത്രമായിരിക്കും. ഗില്ലിനു ടീമില്‍ സ്ഥാനമില്ലെങ്കില്‍ സഞ്ജു പ്രധാന ഓപ്പണറായിരിക്കും.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്കാണ് കൂടുതല്‍ സാധ്യത. ഗില്‍ ടീമില്‍ ഇല്ലെങ്കില്‍ ഉപനായകനായി അക്‌സര്‍ പട്ടേലിനു നറുക്ക് വീഴും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും പേസ് നിരയില്‍ ഉണ്ടാകും. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും സാധ്യതയുണ്ട്. റിങ്കു സിങ്ങും ടീമില്‍ ഇടംപിടിച്ചേക്കാം.