ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന താരമെന്ന നേട്ടമാണ് സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ റൂട്ട് സ്വന്തമാക്കിയത്. 153 ടെസ്റ്റുകളില്‍ നിന്നാണ് റൂട്ടിന്റെ നേട്ടം. 159 ടെസ്റ്റുകളില്‍ നിന്നും 13,000 റണ്‍സ് പിന്നിട്ട ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ ജാക് കാലിസിനെയാണ് റൂട്ട് മറികടന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇംഗ്ലണ്ട് താരമാണ് റൂട്ട്. രാഹുല്‍ ദ്രാവിഡ്(160), റിക്കി പോണ്ടിംഗ്(162), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(163) എന്നീ ഇതിഹാസങ്ങളെ പിന്നിലാക്കിയാണ് റൂട്ടിന്റെ കുതിപ്പ്. സിംബാബ്വെയ്‌ക്കെതിരായ 4 ദിന ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം. 28 റണ്‍സായിരുന്നു 13,000 എന്ന നേട്ടത്തിലെത്താന്‍ റൂട്ടിന് ആവശ്യമായി ഉണ്ടായിരുന്നത്. 44 പന്തില്‍ 34 റണ്‍സെടുത്ത് മത്സരത്തില്‍ റൂട്ട് മടങ്ങി.
മത്സരങ്ങളുടെ എണ്ണത്തില്‍ അതിവേഗത്തില്‍ 13,000 റണ്‍സ് പിന്നിട്ടത് റൂട്ട് ആണെങ്കിലും ഇന്നിങ്ങ്‌സുകളുടെ കാര്യത്തില്‍ ഈ നേട്ടം സച്ചിനാണ്. 266 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. റൂട്ടിന് ഇതിനായി 279 ഇന്നിങ്ങ്‌സ് വേണ്ടിവന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ 15,291 റണ്‍സാണ് സച്ചിനുള്ളത്. നിലവില്‍ ടെസ്റ്റിലെ റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്. 36 സെഞ്ചുറികളും റൂട്ടിന്റെ പേരിലുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റ് മാത്രം പ്രധാനമായി കളിക്കുന്നതിനാല്‍ 51 ടെസ്റ്റ് സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുകള്‍ എന്നീ സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് റൂട്ട് വലിയ ഭീഷണിയാണ്.