17 ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്; നാഗാലാന്‍ഡിനെതിരെ ചരിത്രംകുറിച്ച് കേരളത്തിന്റെ പെണ്‍പുലികള്‍ !
നാഗാലാൻഡിനെ 2 റൺസിന് ഓൾഔട്ടാക്കി കേരളം.. വെറും 2 പന്തിൽ കളിയും തീർത്തു
അണ്ടർ 19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അദ്ഭുത വിജയം സ്വന്തമാക്കി കേരള വനിതാ ക്രിക്കറ്റ് ടീം. ആദ്യ പന്തിലായിരുന്നു കേരളത്തിന്റെ അത്ഭുത ജയം. സമാനതകളില്ലാത്ത ബോളിങ് പ്രകടനത്തിലൂടെയായിരുന്നു ലോക ക്രിക്കറ്റിന്റെ നെറുകയിൽ കേരളത്തിന്റെ വനിതകള്‍ എത്തിയത്. 49.5 ഓവറും 10 വിക്കറ്റും ബാക്കിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ ജയം.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച നാഗാലാൻഡ് വനിതകൾ 17 ഓവർ ക്രീസിൽ നിന്ന് നേടിയത് വെറും രണ്ടു റൺസ് മാത്രമായിരുന്നു. ആ രണ്ടു റൺസിലുള്ള ഒരു റണ്ണാവട്ടെ കേരളത്തിന്റെ താരങ്ങൾ എക്സ്ട്രാ ഇനത്തിൽ നൽകിയതുമായിരുന്നു. ഒരു റണ്ണെടുത്ത ഓപ്പണർ മേനകയാണ് നാഗാ നിരയിലെ ടോപ് സ്കോറര്‍. ബാക്കിയുള്ളാ പത്തുതാരങ്ങളും സംപൂജ്യരായാണ് മടങ്ങിയത്.
നാല് ഓവറിൽ ഒരു റണ്‍സ് പോലും വിട്ടു കൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ മിന്നു മാണിയാണ് നാഗാലാൻഡിനെ തകര്‍ത്തത്. സൗരഭ്യ പി രണ്ടുവിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സാന്ദ്ര സുരേന്ദ്രൻ, ബിബി സെബാസ്റ്റ്യൻ എന്നിവരും റണ്‍സ് വിട്ടുകൊടുക്കാതെ ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. മൂന്ന് ഓവറിൽ രണ്ട് റൺസ് വഴങ്ങിയ അലീനാ സുരേന്ദ്രനാണ് നാഗാ പടയ്ക്ക് അൽപമെങ്കിലും ആശ്വാസം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം വെറും രണ്ട് പന്തിൽ അഞ്ച് റൺസ് നേടി ജയം സ്വന്തമാക്കുകയും ചെയ്തു. ഒരു ലോക റെക്കോര്‍ഡാണ് ഈ വിജയം. നാഗാലാന്‍ഡ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തിയാണ് കേരളം റെക്കോര്‍ഡ് ജയം സ്വന്തമാക്കിയത്. 2006ല്‍ മ്യാന്‍മറിനെതിരെ നേപ്പാള്‍ രണ്ട് പന്തുകളില്‍ നേടിയ ജയമാണ് ഇതോടെ കേരളം തിരുത്തിക്കുറിച്ചത്.