രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ബുധനാഴ്ച തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തി ചരിത്രം കുറിച്ച കേരളം ഇത്തവണ നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് രഞ്ജിയില്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൊഹമ്മദ് അസറുദ്ദീനാകും ടീമിനെ നയിക്കുക. ഇന്ത്യന്‍ താരമായ സഞ്ജു സാംസണും ടീമിലുണ്ട്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഒറ്റതവണ പോലും കേരളം പരാജയപ്പെട്ടിരുന്നില്ല. ഫൈനല്‍ മത്സരത്തില്‍ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ ലീഡിന്റെ മികവിലായിരുന്നു വിദര്‍ഭ ജേതാക്കളായത്. ഇത്തവണ രഞ്ജി ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളമുള്ളത്. പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക,സൗരാഷ്ട്ര,ചന്‍ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.കഴിഞ്ഞ തവണ ഫൈനലിലെത്തിയ ടീമിലെ മിക്കത്താരങ്ങളും ഇത്തവണ കേരള ടീമിലുണ്ട്.