ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഈ മാസം 19ന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ പറ്റി വമ്പന്‍ പ്രവചനം നടത്തി മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്. ഓസീസില്‍ 3 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. പരമ്പരയില്‍ 2 സെഞ്ചുറികളെങ്കിലും കോലി നേടുമെന്നാണ് ഹര്‍ഭജന്റെ പ്രവചനം. കോലിയുടെ ഫിറ്റ്‌നസില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിറ്റ്‌നസ് സംസ്‌കാരം കൊണ്ടുവന്നത് തന്നെ കോലിയാണെന്നും ഹര്‍ഭജന്‍ പറയുന്നു.
ആരാധകര്‍ കോലിയെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനുള്ള കാത്തിരിപ്പിലാണ്. ഇഷ്ട ഫോര്‍മാറ്റായ ഏകദിനത്തില്‍ കോലിയ്ക്ക് ഇനിയും ചെയ്യാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിച്ചപ്പോള്‍ പോലും എനിക്ക് തോന്നിയത് അവന് ഇനിയും നാലോ അഞ്ചോ വര്‍ഷം ബാക്കിയുണ്ടെന്നാണ്. കോലി ഇനി കളിക്കുന്നത് അവന്റെ ഇഷ്ടസ്ഥലമായ ഓസ്‌ട്രേലിയയിലാണ്. അവിടെ അവന്‍ ചിലതൊക്കെ തെളിയിക്കുമെന്ന് തോന്നുന്നു.
ഓസീസില്‍ ടണ്‍ കണക്കിന് റണ്‍സ് കോലി അടിച്ചെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കുറഞ്ഞത് 2 സെഞ്ചുറികളെങ്കിലും കോലി നേടുമെന്ന് ഉറപ്പാണ്. കാരണം പ്രതിസന്ധിഘട്ടങ്ങളിലാണ് ചില കളിക്കാര്‍ അവരുടെ പ്രതിഭയുടെ പാരമ്യത്തിലെത്തുക. കോലി അത്തരമൊരു കളിക്കാരനാണ് വലിയ വേദികളില്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ തിളങ്ങാന്‍ കോലിക്ക് പ്രത്യേക മികവുണ്ട്. ഹര്‍ഭജന്‍ പറഞ്ഞു.