ഡാലസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് 2025ന്റെ ക്വാളിഫയര്‍ 2 മത്സരത്തില്‍ ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് എം ഐ ന്യൂയോര്‍ക്ക് ഫൈനലില്‍. വെസ്റ്റിന്‍ഡീസ് താരങ്ങളായ കിറോണ്‍ പൊള്ളാര്‍ഡിന്റെയും നിക്കോളാസ് പുറാന്റെയും തകര്‍പ്പന്‍ പ്രകടനമാണ് എം ഐ ന്യൂയോര്‍ക്കിന് വമ്പന്‍ വിജയം നേടികൊടുത്തത്.
ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എം ഐ ന്യൂയോര്‍ക്കിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്വിന്റണ്‍ ഡികോക്കും മൈക്കല്‍ ബ്രേസ്വലും തുടക്കത്തിലെ പുറത്തായെങ്കിലും 49 റണ്‍സുമായി ക്യാപ്റ്റന്‍ മോനാങ്ക് പട്ടേലും പുറത്താകാതെ 52 റണ്‍സുമായി നിക്കോളാസ് പുറാനും മികച്ച പ്രകടനമാണ് നടത്തിയത്. മത്സരം പൂര്‍ണമായും എം ഐ ന്യൂയോര്‍ക്കിന്റെ വരുതിയിലാക്കിയത് അവസാന ഓവറുകളില്‍ കിറോണ്‍ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ട് പ്രകടനമായിരുന്നു. 22 പന്തില്‍ 47 റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിനായി ഫാഫ് ഡുപ്ലസി(59*)യും അക്വീല്‍ ഹൊസൈനുമാണ്(55*) തിളങ്ങിയത്. ജൂലൈ 14ന് നടക്കുന്ന ഫൈനലില്‍ വാഷിങ്ങ്ടണ്‍ ഫ്രീഡമാണ് എം ഐ ന്യൂയോര്‍ക്കിന്റെ എതിരാളികള്‍.