ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം ലഭിച്ചപ്പോള്‍ തന്നെ വിദ്യഭ്യാസ യോഗ്യതകളുടെ പേരില്‍ ഏറെ ചര്‍ച്ചയായ പേരാണ് വെങ്കടേഷ് അയ്യര്‍. ക്രിക്കറ്റിന് പുറമെ പഠനത്തിലും മികവ് തെളിയിച്ച വെങ്കടേഷ് സി എ പ്രവേശനം ലഭിച്ച ശേഷം സി എ ഡ്രോപ്പ് ഔട്ട് ചെയ്ത് എംബിഎ ചെയ്ത വ്യക്തിയായിരുന്നു. നിലവില്‍ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായി മാറിയിട്ടും പഠനത്തിലുള്ള താത്പര്യം വെങ്കടേഷ് അയ്യര്‍ അവസാനിപ്പിച്ചിട്ടില്ല.
ഈയടുത്ത ദിവസം ഒരു ദേശീയ മാാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഫിനാന്‍സില്‍ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുന്ന കാര്യം വെങ്കടേഷ് അയ്യര്‍ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് മാത്രമായി കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യം മാതാപിതാക്കളെ മനസിലാക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ നന്നായി പഠിച്ചു. വിദ്യഭ്യാസം മാത്രമാണ് മരണം വരെ നമ്മുടെ കൂടെയുണ്ടാവുക. 60 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല.
ജീവിക്കണമെങ്കില്‍ നിങ്ങള്‍ക്ക് നല്ല വിദ്യഭ്യാസം വേണം. എപ്പോഴും ക്രിക്കറ്റിനെ പറ്റി ചിന്തിച്ചാല്‍ സമ്മര്‍ദ്ദത്തിലാകും. ഒരു സമയം രണ്ട് കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ അത് ചെയ്യും. ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റിനൊപ്പം വിദ്യഭ്യാസവും കൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ഞാനിപ്പോള്‍ ഫിനാന്‍സില്‍ പി എച്ച് ഡി ചെയ്യുകയാണ്. അടുത്ത തവണ നിങ്ങള്‍ക്ക് ഡോക്ടര്‍ വെങ്കടേഷ് അയ്യരെന്ന് വിളിക്കേണ്ടി വരും. കൊല്‍ക്കത്ത താരം പ്രതികരിച്ചു.