KL Rahul: 'രാഹുല് ഹീറോയാടാ, ഹീറോ'; വിമര്‍ശന ശരങ്ങളില്‍ നിന്ന് മുക്തി, 'ദി അണ്‍സങ് ഹീറോ'
ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവും രാഹുലിന്റെ ശരീരഭാഷയില്‍ ഉണ്ടായിരുന്നില്ല
KL Rahul: ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെയെല്ലാം ശ്രദ്ധ കെ.എല്‍.രാഹുലിന്റെ മുഖത്തേക്കായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ തോറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്ന താരം ചാംപ്യന്‍സ് ട്രോഫിയില്‍ തന്റെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിര്‍വഹിച്ച് 'ശാപമോക്ഷം' പ്രാപിച്ചിരിക്കുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ കണ്ട രാഹുലിനെ അല്ല ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ കണ്ടത്. ഒരു മാച്ച് വിന്നറെന്ന നിലയിലേക്ക് അടിമുടി പരിവര്‍ത്തനം ചെയ്ത് ഇന്ത്യയുടെ മധ്യനിരയെ കാക്കാനും ആവശ്യമുള്ളപ്പോള്‍ ഫിനിഷര്‍ ആകാനും കെല്‍പ്പുള്ള കളിക്കാരനിലേക്ക് രാഹുല്‍ വളര്‍ന്നു.
ഫൈനലില്‍ ആറാമനായി ക്രീസിലെത്തിയ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയുടെ ആദ്യ ആറ് ബാറ്റര്‍മാരില്‍ 100 നു മുകളില്‍ സ്‌ട്രൈക് റേറ്റ് ഉള്ളത് രാഹുലിന് മാത്രമാണ്. ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവും രാഹുലിന്റെ ശരീരഭാഷയില്‍ ഉണ്ടായിരുന്നില്ല. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയം കുറിക്കുമ്പോഴും രാഹുല്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. 34 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 42 റണ്‍സാണ് രാഹുല്‍ ഓസീസിനെതിരെ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 41 റണ്‍സ്, പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വന്നില്ല, ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ 29 പന്തില്‍ 23 റണ്‍സും രാഹുല്‍ നേടിയിരുന്നു.
ചാംപ്യന്‍സ് ട്രോഫിയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 140 ശരാശരിയില്‍ 140 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ചാംപ്യന്‍സ് ട്രോഫി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 15 പേരില്‍ 100 നു മുകളില്‍ ശരാശരിയുള്ള ഏക താരം രാഹുല്‍ ആണ്. ടീമിനു ആവശ്യമുള്ള സമയത്ത് സാഹചര്യം മനസിലാക്കി കളിക്കാനുള്ള രാഹുലിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതെ വയ്യ.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ 107 പന്തില്‍ 66 റണ്‍സാണ് രാഹുല്‍ നേടിയത്. നിര്‍ണായക സമയത്തെ മെല്ലെപ്പോക്കിന്റെ പേരില്‍ താരം ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. രാഹുലിന്റെ തണുപ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യ ഫൈനലില്‍ തോല്‍ക്കാന്‍ പോലും കാരണമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങള്‍ക്കെല്ലാം രണ്ട് വര്‍ഷത്തിനിപ്പുറം ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ 'ക്ലാസി രാഹുല്'