ഇന്ത്യൻ ടീമിൽ കളിക്കണോ, വിജയ് ഹസാരെയും കളിക്കണം, രോഹിത്തിനും കോലിയ്ക്കും ബിസിസിഐയുടെ നിർദേശം
ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍ തന്നെ ഏകദിന ടീമില്‍ കളിക്കുമ്പോള്‍ മതിയായ മത്സരപരിചയം ഉറപ്പ് വരുത്താനാണ് ബിസിസിഐയുടെ നിര്‍ദേശം.
2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പദ്ധതികളില്‍ തുടരണമെങ്കില്‍ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഭാഗമാകണമെന്ന് നിര്‍ദേശിച്ച് ബിസിസിഐ. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍ തന്നെ ഏകദിന ടീമില്‍ കളിക്കുമ്പോള്‍ മതിയായ മത്സരപരിചയം ഉറപ്പ് വരുത്താനാണ് ബിസിസിഐയുടെ നിര്‍ദേശം.
50 ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കാനുള്ള ഫിറ്റ്‌നസ് നിലനിര്‍ത്താനും പ്രതിബദ്ധത തെളിയിക്കാനും ഇരു താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് ബോര്‍ഡും സെലക്ടര്‍മാരും എടുത്തത്. ഈ വര്‍ഷം ആദ്യം നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഒരു താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. ഇതിന് പിന്നാലെയാണ് ബിസിസിഐ നിര്‍ദേശം.
നവംബര്‍ 26ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് രോഹിത് ശര്‍മ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായാണ് വിവരം. അതേസമയം കോലി ലണ്ടനില്‍ പരിശീലനം തുടരുകയാണ്.