രോഹിത് ശര്‍മ- വിരാട് കോലി എന്നിവര്‍ ഏറെനാളുകള്‍ക്ക് ശേഷം ഇന്ത്യക്കായി കളിക്കുന്ന ഏകദിന സീരീസ് എന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്കായി നേടിതന്ന നായകനാണെങ്കിലും ഇക്കുറി ശുഭ്മാന്‍ ഗില്ലിന് കീഴിലാകും കോലി, രോഹിത് എന്നിവര്‍ കളിക്കുക. ഈ സാഹചര്യത്തില്‍ പുതിയ ഏകദിന നായകനായ ഗില്ലിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ പാര്‍തീവ് പട്ടേല്‍.
ശുഭ്മാന് നായകനെന്ന നിലയിലെ ആദ്യ സീരീസാണ്. എന്നാല്‍ ആ പദവി ഉപയോഗിച്ച് മത്സരത്തിലെ എല്ലാം നിയന്ത്രിക്കാന്‍ നില്‍ക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. പ്രത്യേകിച്ച് രോഹിത്- കോലി എന്നിവരെ നിയന്ത്രിക്കാതിരിക്കുക. ഇന്ത്യയ്ക്കായി ഏറ്റവുമധികം മത്സരപരിചയമുള്ള താരങ്ങളാണ് അവര്‍. ടീമിലെ തങ്ങളുടെ റോളും ഫീല്‍ഡില്‍ എന്താണ് ചെയ്യേണ്ടതെന്നും അവര്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ തന്നെ സീനിയര്‍ താരങ്ങളെ മാനേജ് ചെയ്യാന്‍ ഗില്‍ തലപുകയ്‌ക്കേണ്ട ആവശ്യമില്ല. പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.