ഇന്ത്യക്കെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശം തുടക്കം. ജസ്പ്രീത് ബുമ്രയും ആകാശ് ദീപും നയിച്ച ന്യൂബോളിനെ പ്രതിരോധിക്കാനായെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആദ്യ ഓവറില്‍ തന്നെ 2 ഇംഗ്ലണ്ട് ബാറ്റര്‍മാരാണ് പവലിയനിലേക്ക് മടങ്ങിയത്. 23 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റ്, 18 റണ്‍സെടുത്ത സാക് ക്രോളി എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായത്.
05:30 PM: ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 83/2
ഒലി പോപ്പ് 12*(34)
ജോ റൂട്ട് 24* (34)
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരെഞ്ഞെടുത്തു. പരമ്പരയിലെ 2 കളികളില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് ഇരുടീമുകളും 1-1 എന്ന നിലയിലാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം മത്സരം വിജയിക്കാനായാല്‍ പരമ്പരയില്‍ നിര്‍ണായകമായ ലീഡ് സ്വന്തമാക്കാന്‍ വിജയികള്‍ക്ക് സാധിക്കും.
എഡ്ജ്ബാസ്റ്റണിലെ വിജയത്തിന്റെ ആത്മവിശ്വാസമായാണ് ഇന്ത്യയെത്തുന്നത്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെ കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരാകും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ 6 ബൗളിംഗ് ഓപ്ഷനുകളാണ് ഇന്ത്യയ്ക്കുള്ളത്.
അതേസമയം ജോഷ് ടങ്ങിന് പകരം ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തി. ലോര്‍ഡ്‌സിലെ പച്ചപ്പും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്ത്യയ്ക്ക് അപകടം സൃഷ്ടിച്ചേക്കും. നീണ്ട 4 വര്‍ഷത്തിന് ശേഷമാണ് ആര്‍ച്ചര്‍ ടെസ്റ്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ബാറ്റിംഗ് നിരയില്‍ യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ മികച്ച ഫോമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്.