Publish Date: Sat, 02 Jan 2021 (14:37 IST)
Updated Date: Sat, 02 Jan 2021 (14:40 IST)
ഓസീസിനെതിരായ പര്യടനത്തിന് ഇന്ത്യൻ ടീം തയ്യാറെടുക്കുമ്പോൾ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും മാർനസ് ലെബുഷെയിനിനേയും എങ്ങനെ നേരിടുമെന്ന ചോദ്യമാണ് ടീമിനെ അലട്ടിയിരുന്നത്. എന്നാൽ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ എടുത്തുപറയത്തക്കതായ പ്രകടനങ്ങൾ രണ്ട് താരങ്ങളും പുറത്തെടുത്തിട്ടില്ല.
ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിന്റെ പ്രകടനമാണ് സീരീസിൽ ഇരുതാരങ്ങളെയും തളയ്‌ക്കാൻ കാരണമായത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലായി രണ്ട് തവണ വീതമാണ്. ഈ രണ്ട് ബാറ്റ്സ്മാന്മാരെയും അശ്വിൻ പുറത്താക്കിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അശ്വിന് ഇതിന് സാധിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലബുഷെയിൻ.
ഞാൻ ആദ്യമായാണ് അശ്വിനെ നേരിടുന്നത്. അശ്വിൻ ഒരു മികച്ച ബൗളറാണ് എന്ന് മാത്രമല്ല. നന്നായി ചിന്തിച്ച് പ്രവർത്തിക്കുന്ന താരം കൂടിയാണ്. മികച്ച തയ്യാറെടുപ്പോടെയാണ് അശ്വിൻ വന്നത്. ഇന്ത്യ അതിനനുസരിച്ച് ഫീൽഡൊരുക്കി. ഇതുവരെയും ഇന്ത്യ ഒരുക്കിയ കെണിയിൽ ഞങ്ങൾ ചെന്ന് വീണു. ക്രിക്കറ്റിൽ ആരെങ്കിലുമൊക്കെ നമ്മളെ പുറത്താക്കും. അതിനാൽ തന്നെ ഇതിൽ നിന്നെല്ലാം പാഠം പഠിച്ച് ഞങ്ങൾ തിരിച്ചെത്തും ലബുഷെയിൻ പറഞ്ഞു.