Mitchell starc,IPL 2024,KKR
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഹൈദരാബാദിന്റെ തീരുമാനം ആദ്യം ഓവറില്‍ തന്നെ പിഴച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 159 റണ്‍സ് എടുക്കാന്‍ മാത്രമെ ഓറഞ്ച് പടയ്ക്കായുള്ളു. ടൂര്‍ണമെന്റിലുടനീളം തല്ലുകൊള്ളിയെന്ന് വിമര്‍ശനം നേരിടേണ്ടി വന്ന ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്റെ മുന്‍നിരയെ തകര്‍ത്ത് മത്സരത്തിന്റെ ഗതി നിശ്ചയിച്ചത്.
ഹൈദരാബാദിന്റെ അപകടകാരിയായ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ പവലിയനിലേക്ക് തിരിച്ചയച്ച മിച്ചല്‍ സ്റ്റാര്‍ക്ക് നിതീഷ് കുമാര്‍ റെഡ്ഡിയേയും പിന്നാലെയെത്തിയ ഷഹബാസ് അഹമ്മദിനെയും തിരിച്ചയച്ചു. ആദ്യ അഞ്ചോവറില്‍ ഇതോടെ 4 വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. തുടക്കത്തിലേ ഏറ്റ ഈ ആഘാതത്തില്‍ നിന്നും കരകയറാന്‍ പിന്നീട് ഹൈദരാബാദിനായില്ല. ഹെന്റിച്ച് ക്ലാസന്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ ത്രിപാഠിയുടെ റണ്ണൗട്ടോടെ ഹൈദരാബാദിന്റെ പോരാട്ടം ഏറെക്കുറെ അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ചെറിയ സ്‌കോറുകളില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നിഷ്പ്രയാസം ടീമിന് ഫൈനല്‍ പ്രവേശനം നേടികൊടുത്തു. ഇരുവരും അര്‍ധസെഞ്ചുറികള്‍ സ്വന്തമാക്കി. വെങ്കിടേഷ് അയ്യര്‍ 28 പന്തില്‍ 51 റണ്‍സും ശ്രേയസ് അയ്യര്‍ 24 പന്തില്‍ 58 റണ്‍സുമാണ് നേടിയത്.