Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ ഏഴ് റണ്‍സ് കൂടുതലാണ് സ്റ്റാര്‍ക്കിന് !

Mitchell Starc vs Sachin Tendulkar, Sachin and Starc, Starc has more runs than Sachin, Starc vs Sachin in ICC Finals, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സച്ചിനും സ്റ്റാര്‍ക്കും, സ്റ്റാര്‍ക്കിനു സച്ചിനേക്കാള്‍ അധികം റണ്‍സ്

രേണുക വേണു

, ശനി, 14 ജൂണ്‍ 2025 (10:21 IST)
Sachin Tendulkar vs Mitchell Starc

Mitchell Starc vs Sachin Tendulkar; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ബൗളിങ് കൊണ്ട് അത്ഭുതം കാണിക്കുന്ന സ്റ്റാര്‍ക്ക് ഇത്തവണ ബാറ്റ് കൊണ്ടാണ് ഓസ്‌ട്രേലിയയ്ക്കായി തിളങ്ങിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 136 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 58 റണ്‍സുമായി രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായത് സ്റ്റാര്‍ക്കാണ്. 
 
ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറേക്കാള്‍ റണ്‍സുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ ഏഴ് റണ്‍സ് കൂടുതലാണ് സ്റ്റാര്‍ക്കിന് ! 
 
ഐസിസി ടൂര്‍ണമെന്റുകളുടെ നാല് ഫൈനലുകളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചിരിക്കുന്നത്. ഐസിസി നോക്ക് ഔട്ട് ട്രോഫി 2000, ഐസിസി ചാംപ്യന്‍സ് ട്രോഫി 2002, ഐസിസി ഏകദിന ലോകകപ്പ് 2003, 2011 എന്നിങ്ങനെയാണ് ഇന്ത്യക്കായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ച ഫൈനലുകള്‍. നാല് ഇന്നിങ്‌സുകളില്‍ നിന്ന് സച്ചിന്‍ നേടിയിരിക്കുന്നത് 98 റണ്‍സ് മാത്രം. രണ്ടായിരത്തിലെ നോക്ക് ഔട്ട് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 83 പന്തില്‍ 69 റണ്‍സ് നേടിയതാണ് ഇതില്‍ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 2002 ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരെ 22 പന്തില്‍ ഏഴ്, 2003 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് പന്തില്‍ നാല്, 2011 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 14 പന്തില്‍ 18 എന്നിങ്ങനെയാണ് സച്ചിന്റെ മറ്റു സ്‌കോറുകള്‍. 
 
മിച്ചല്‍ സ്റ്റാര്‍ക്ക് ആകട്ടെ ഓസ്‌ട്രേലിയയ്ക്കു വേണ്ടി രണ്ട് ഐസിസി ഫൈനലുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. 2023 ലെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇപ്പോള്‍ നടക്കുന്ന 2025 ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും. രണ്ട് ടെസ്റ്റുകളുടെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 105 റണ്‍സ് സ്റ്റാര്‍ക്ക് നേടിയിട്ടുണ്ട്. 2023 ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 20 പന്തില്‍ പുറത്താകാതെ അഞ്ച്, 57 പന്തില്‍ 41, ഇപ്പോള്‍ നടക്കുന്ന ഫൈനലില്‍ 12 പന്തില്‍ ഒന്ന്, 136 പന്തില്‍ 58 എന്നിങ്ങനെയാണ് സ്റ്റാര്‍ക്കിന്റെ സ്‌കോറുകള്‍. 
 
ശുഭ്മാന്‍ ഗില്‍ (ആറ് ഇന്നിങ്‌സുകളില്‍ 102), കെ.എല്‍.രാഹുല്‍ (രണ്ട് ഇന്നിങ്‌സില്‍ 100), ഹാര്‍ദിക് പാണ്ഡ്യ (മൂന്ന് ഇന്നിങ്‌സില്‍ 99), അക്‌സര്‍ പട്ടേല്‍ (രണ്ട് ഇന്നിങ്‌സില്‍ 76) എന്നീ ഇന്ത്യന്‍ താരങ്ങളെയും ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ റണ്‍സില്‍ സ്റ്റാര്‍ക്ക് മറികടന്നു. 
 
എട്ട് ഫൈനലുകളില്‍ 410 റണ്‍സുള്ള വിരാട് കോലിയാണ് ഐസിസി ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 320 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. സച്ചിന്റെ സമകാലികരായ വിരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി എന്നിവര്‍ക്കു ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക