Asia Cup: 'അവിടെ ഇരിക്കട്ടെ, ഞാനറിയാതെ ആര്‍ക്കും കൊടുക്കരുത്'; ഇന്ത്യക്ക് ഏഷ്യ കപ്പ് നല്‍കാന്‍ പറ്റില്ലെന്ന് നഖ്വി
ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് ഏഷ്യ കപ്പ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്
Asia Cup: ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യ കപ്പ് കിരീടം ചൂടിയിട്ടും ഇന്ത്യക്ക് കപ്പില്ല ! തന്റെ സാന്നിധ്യത്തില്‍ അല്ലാതെ ഏഷ്യ കപ്പ് കിരീടം ടീം ഇന്ത്യക്കോ ബിസിസിഐയ്‌ക്കോ നല്‍കരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്വി.
ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് ഏഷ്യ കപ്പ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കിരീടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്ത് സൂക്ഷിക്കുന്നത്. തന്റെ അനുവാദമില്ലാതെ ഏഷ്യ കപ്പ് ഇന്ത്യക്ക് കൈമാറരുതെന്ന് നഖ്വി ഏഷ്യന്‍ ക്രിക്കറ്റ് ഭരണസമിതിയിലെ മറ്റ് അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
'ഫൈനലിനു ശേഷം ഈസമയം വരെ ഏഷ്യ കപ്പ് ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്തുണ്ട്. തന്റെ നിര്‍ദേശം ഇല്ലാതെ കിരീടം ആര്‍ക്കെങ്കിലും നല്‍കുകയോ ഇവിടെ നിന്ന് മാറ്റുകയോ ചെയ്യരുതെന്ന് നഖ്വി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും കിരീടം കൈമാറുകയാണെങ്കില്‍ അത് തന്റെ സാന്നിധ്യത്തില്‍ വേണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്,' നഖ്വിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ടീമിനോ ബിസിസിഐയ്ക്കോ ഏഷ്യ കപ്പ് ട്രോഫി നല്‍കണമെങ്കില്‍ അത് തന്റെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണം. മാത്രമല്ല അവര്‍ക്കു ട്രോഫി കൊടുക്കുക ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായ താന്‍ ആയിരിക്കുമെന്നും നഖ്വി നിലപാടെടുത്തിട്ടുണ്ട്. നഖ്വിയുടെ കൈയില്‍ നിന്ന് കിരീടം വാങ്ങില്ലെന്നു നിലപാടെടുത്ത ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിലെ ജയത്തിനു ശേഷം ആഘോഷപ്രകടനം നടത്തിയത് കിരീടമില്ലാതെയാണ്.