വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം
ഏകദിന ക്രിക്കറ്റില്‍ ഇതുവരെയും ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
ഏഷ്യാകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മത്സരങ്ങളുടെ പേരിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പെ വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഇത്തവണ വനിതാ ലോകകപ്പിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഏകദിന ക്രിക്കറ്റില്‍ ഇതുവരെയും ഇന്ത്യക്കെതിരെ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
ആദ്യമത്സരത്തില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നിട്ടും ശ്രീലങ്കക്കെതിരെ 59 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മധ്യനിരയില്‍ ദീപ്തി ശര്‍മയും അമന്‍ജോതും നേടിയ അര്‍ധസെഞ്ചുറികളാണ് വലിയ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. മികച്ച ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാന അടക്കമുള്ള ബാറ്റര്‍മാരും പേസ് ബൗളിങ്ങില്‍ ക്രാന്തി ഗൗഡും സ്പിന്നര്‍മാരില്‍ ദീപ്തി ശര്‍മ, ശ്രീചരണി എന്നിവരും മികച്ച ഫോമിലാണ്.
അതേസമയം ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റിന് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്ഥാന്‍. ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതോടെ മത്സരത്തില്‍ പാകിസ്ഥാന്‍ 129 റണ്‍സിന് പുറത്തായിരുന്നു.