Publish Date: Sun, 02 Jul 2023 (09:56 IST)
Updated Date: Sun, 02 Jul 2023 (09:49 IST)
ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പോരാട്ടവീര്യത്തിന് ആദരമര്‍പ്പിച്ച് ലോര്‍ഡ്‌സിലെ ക്രിക്കറ്റ് ആരാധകര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് ഏതൊരു ക്രിക്കറ്റ് ആരാധകനെയും രോമാഞ്ചത്തിലാക്കുന്ന നിമിഷങ്ങള്‍ പിറന്നത്. മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റ് ചെയ്യവെ ഓസീസ് ടീമംഗങ്ങള്‍ കൂടാരം കയറിയപ്പോഴാണ് മുടന്തുന്ന കാലുകളുമായി തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ലിയോണ്‍ കളത്തിലിറങ്ങിയത്.
ഓസീസിനായി അവസാന സ്ഥാനത്താണ് താരം ഇറങ്ങിയത്. മത്സരത്തിനിടെ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം വിശ്രമം ആവശ്യമാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ താരം മുടന്തുന്ന കാലുകളുമായി മൈതാനത്തെത്തിയപ്പോള്‍ എണീറ്റ് നിന്ന് കൈയ്യടിച്ച് കൊണ്ടാണ് ലോര്‍ഡ്‌സിലെ ആരാധകര്‍ വരവേറ്റത്. മത്സരത്തില്‍ 13 പന്തുകള്‍ നേരിട്ട താരം 4 റണ്‍സാണ് സ്വന്തമാക്കിയത്. വാലറ്റത്തില്‍ ഓസീസിനായി വലിയ ചെറുത്തുനില്‍പ്പ് നടത്താനായില്ലെങ്കിലും ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന താരത്തിന്റെ മനോഭാവത്തെ നെഞ്ചോട് ചേര്‍ത്താണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിക്കുന്നത്.