Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം
Ayush Badoni and Nitish Rana
Nitish Rana vs Ayush Badoni: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിനിടെ നാടകീയ രംഗങ്ങള്‍. ഉത്തര്‍പ്രദേശ് താരം നിതീഷ് റാണയും ഡല്‍ഹിയുടെ ആയുഷ് ബദോനിയും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് തര്‍ക്കിച്ചു. സിംഗിളിനായി ഓടിയ ആയുഷ് ബദോനിയുടെ 'വഴിമുടക്കി' നിതീഷ് റാണ നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്.
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. നിതീഷ് റാണയുടെ രണ്ടാം പന്തില്‍ സിംഗിള്‍ എടുക്കുന്നതിനായി ആയുഷ് ബദോനി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് നിതീഷ് റാണ ബദോനിയുടെ മുന്നില്‍ കയറിനിന്ന് വഴിമുടക്കാന്‍ ശ്രമിച്ചു. നിതീഷ് റാണ മനപ്പൂര്‍വ്വം ബദോനി ഓടിവരുന്നതിനിടയിലേക്ക് കയറി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ബദോനിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. നിതീഷ് റാണയുടെ പ്രവൃത്തി ബദോനി ചോദ്യം ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അംപയര്‍ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വീഡിയോയ്ക്കു താഴെ ക്രിക്കറ്റ് ആരാധകര്‍ നിതീഷ് റാണയെയാണ് വിമര്‍ശിക്കുന്നത്. ബദോനിയുടെ ഭാഗത്തു തെറ്റില്ലെന്നും നിതീഷ് ചെയ്തത് ശരിയായ പ്രവൃത്തിയല്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. അല്ലെങ്കിലും നിതീഷ് റാണയ്ക്കു പൊതുവെ അല്‍പ്പം 'ഷോ' കൂടുതലാണെന്നു പരിഹസിക്കുന്നവരും ഉണ്ട്.