Suryakumar Yadav: വീണ്ടും പാക്കിസ്ഥാന്‍ നായകനെ അവഗണിച്ച് സൂര്യകുമാര്‍; ഇത്തവണയും കൈ കൊടുത്തില്ല
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസിങ്ങിനു ശേഷം പാക്കിസ്ഥാന്‍ നായകനു കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല
India vs Pakistan: ഏഷ്യ കപ്പില്‍ 'ഹാന്‍ഡ് ഷെയ്ക്' വിവാദം തുടരുന്നു. സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാനെതിരായ മത്സരത്തിലും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി അഗയെ അവഗണിച്ചു.
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസിങ്ങിനു ശേഷം പാക്കിസ്ഥാന്‍ നായകനു കൈ കൊടുക്കാന്‍ സൂര്യകുമാര്‍ തയ്യാറായിരുന്നില്ല. ഇത് പിന്നീട് വലിയ വിവാദമാകുകയും ചെയ്തു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിലും സൂര്യകുമാര്‍ സല്‍മാന്‍ അഗയ്ക്കു കൈ കൊടുക്കാന്‍ വിസമ്മതിച്ചു.
ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസിങ്ങിനായി എത്തിയപ്പോള്‍ സല്‍മാന്‍ അഗ സൂര്യകുമാര്‍ യാദവിനെ നോക്കുകയും സൗഹൃദം പങ്കിടാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ അതിനു തയ്യാറായില്ല.
ടോസിങ്ങിനു ശേഷം പിച്ചിനെ കുറിച്ചും പ്ലേയിങ് ഇലവനിലെ മാറ്റങ്ങളെ കുറിച്ചും സൂര്യകുമാര്‍ സംസാരിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ 'ഹാന്‍ഡ് ഷെയ്ക്' വിവാദത്തെ കുറിച്ച് പ്രതികരിച്ചില്ല. സംസാരിച്ച ശേഷം ഇന്ത്യന്‍ നായകന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഈ സമയത്ത് സൂര്യകുമാറിനു കൈ കൊടുക്കാന്‍ സല്‍മാന്‍ അഗ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാക് നായകന്‍ കൈ കൊണ്ടുവരുമ്പോഴേക്കും സൂര്യകുമാര്‍ യാദവ് നടന്നുനീങ്ങി. പിന്നീട് പാക്കിസ്ഥാന്‍ നായകന്‍ സംസാരിച്ചപ്പോഴും സൂര്യ അത് ശ്രദ്ധിച്ചില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് എത്താതിരുന്നതും വിവാദമായിരുന്നു. പാക്കിസ്ഥാന്‍ താരങ്ങള്‍ വരാതിരിക്കാന്‍ ഇന്ത്യ ഡ്രിസിങ് റൂം അടച്ചിടുക പോലും ചെയ്തു. ഇന്നത്തെ മത്സരശേഷവും ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങളുമായി സൗഹൃദം പങ്കുവയ്ക്കില്ലെന്ന് തന്നെയാണ് ടോസിങ് സമയത്തെ നായകന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.