സഞ്ജുവിനായി മൂന്നാം നമ്പര്‍ നല്‍കി സൂര്യകുമാര്‍; അവസരം മുതലാക്കി മലയാളികളുടെ അഭിമാനം
ഏഷ്യ കപ്പിലെ ഏറ്റവും ശക്തരായ ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു
ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാമത് ക്രീസിലെത്തിയത് സൂര്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഏഷ്യ കപ്പില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സഞ്ജുവാകട്ടെ അര്‍ധ സെഞ്ചുറി നേടി ക്യാപ്റ്റന്റെ വിശ്വാസം കാത്തു.
ഏഷ്യ കപ്പിലെ ഏറ്റവും ശക്തരായ ടീമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. ഒമാനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം അതുകൊണ്ട് തന്നെ അപ്രസക്തവുമാണ്. ടീമിന്റെ ബാറ്റിങ് കരുത്ത് പരീക്ഷിക്കാന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരു തീരുമാനമെടുത്തു. ടൂര്‍ണമെന്റില്‍ ഇതുവരെ ബാറ്റിങ്ങിനു അവസരം ലഭിക്കാത്തവര്‍ക്കു ഒമാനെതിരെ അവസരം നല്‍കുക. ഇതിന്റെ ഭാഗമായി സൂര്യകുമാര്‍ ബാറ്റ് ചെയ്യാതെ മാറിനിന്നു.
സൂര്യയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങുകയും 45 പന്തില്‍ 56 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററാകുകയും ചെയ്തു. മൂന്ന് സിക്‌സും മൂന്ന് ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. കളിയിലെ താരവും സഞ്ജു തന്നെ. യുഎഇ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല.
ഹാര്‍ദിക് പാണ്ഡ്യയെയാണ് നാലാമത് ഇറക്കിയത്. അപ്പോള്‍ ആരാധകര്‍ കരുതി അഞ്ചാമതോ ആറാമതോ ആയി സൂര്യകുമാര്‍ ബാറ്റ് ചെയ്യാന്‍ എത്തുമെന്ന്. എന്നാല്‍ ഇന്ത്യയുടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായിട്ടും സൂര്യ ക്രീസിലെത്തിയില്ല. വാലറ്റത്തെ അടക്കം ബാറ്റിങ്ങില്‍ പരീക്ഷിക്കാന്‍ വേണ്ടിയാണ് സൂര്യ മാറിനിന്നത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ സൂര്യകുമാര്‍ ഒഴികെ ബാക്കി എല്ലാ താരങ്ങളും ബാറ്റ് ചെയ്തു.