രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ പുതിയ നായകനാക്കുമെന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള സംസാരം. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖമായി ഗില്ലിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ഗില്ലിന് ബിസിസിഐ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കിയിരുന്നു. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഗില്ലിന് കീഴില്‍ പുതിയ ഇന്ത്യന്‍ ടീമിനെയാകും ഇന്ത്യ അവതരിപ്പിക്കുക. രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ തലമുറമാറ്റത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം കടന്നുപോകുന്നത്.
എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ നായകനാക്കേണ്ടത് ഗില്ലിനെയല്ലെന്നും പേസറായ ജസ്പ്രീത് ബുമ്രയെയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ കെ ശ്രീകാന്ത്. ടീമില്‍ സ്ഥാനം ഉറപ്പുള്ള താരത്തെയാണ് നായകനാക്കേണ്ടത്. ഗില്‍ ആദ്യം ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കട്ടെ, ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യന്‍ ബുമ്രയാണ്. ബുമ്രയുടെ അഭാവത്തില്‍ കെ എല്‍ രാഹുലായിരിക്കണം ഇന്ത്യയെ നയിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കറും നേരത്തെ സമാനമായ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ടെസ്റ്റില്‍ ബുമ്രയ്ക്ക് അപ്പുറം മറ്റൊരാളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ആവശ്യം തന്നെയില്ലെന്നും പരിക്കാണ് പ്രശ്‌നമെങ്കില്‍ വൈസ് ക്യാപ്റ്റനെ ബുദ്ധിപൂര്‍വം തീരുമാനിക്കണമെന്നും മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.