ഐപിഎല്‍ മത്സരങ്ങള്‍ നാളെ(ശനിയാഴ്ച) പുനരാരംഭിക്കാനിരിക്കെ ആര്‍സിബി ക്യാമ്പിന് സന്തോഷ വാര്‍ത്ത. കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി വിശ്രമത്തിലായിരുന്ന നായകന്‍ രജത് പാട്ടീധാര്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. മെയ് 3ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു പാട്ടീധാറിന് വലത് കൈക്ക് പരിക്കേറ്റത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തിന് 2 ദിവസം മുന്‍പെയാണ് പാട്ടീധാര്‍ പരിശീലനത്തിനെത്തിയത്. ഇന്നലെ ത്രോഡൗണുകള്‍ നേരിട്ട പാട്ടീധാര്‍ പൂര്‍ണ്ണ ബാറ്റിംഗ് പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ തുടര്‍ന്ന് വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ശേഷിക്കുന്ന മത്സരങ്ങളില്‍ പല പ്രധാന താരങ്ങളെയും ടീമുകള്‍ക്ക് നഷ്ടമാകും.അതേസമയം ആര്‍സിബി ബൗളിങ്ങിന്റെ കുന്തമുനയായ ജോഷ് ഹേസല്‍വുഡ് ഐപിഎല്ലില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് മത്സരങ്ങള്‍ 27ന് തുടങ്ങുമെങ്കിലും റോമരിയോ ഷെപ്പേര്‍ഡും ആര്‍സിബി ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.