പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും ഗ്രൗണ്ടില്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ടി 20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും കൂടി പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റമീസ് രാജ പറഞ്ഞു.
'ഞങ്ങള്‍ ലോകകപ്പ് കളിക്കാന്‍ പോകുകയാണ്. നേരത്തെ ഒരു പ്രധാന എതിരാളിയായ ടീം ഞങ്ങളുടെ പട്ടികയിലുണ്ടായിരുന്നു, ഞങ്ങളുടെ അയല്‍ക്കാര്‍ കൂടിയായ ഇന്ത്യയാണ് അത്. ഇപ്പോള്‍ ആ പട്ടികയിലേക്ക് രണ്ട് ടീമുകള്‍ കൂടി എത്തി, ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. മാനസികമായി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കോളൂ. നിങ്ങള്‍ ഞങ്ങളോട് ചെയ്തത് ശരിയായ കാര്യമല്ല. ഇതിനുള്ള മറുപടി ഗ്രൗണ്ടില്‍ നല്‍കാം,' റമീസ് രാജ വ്യക്തമാക്കി.