ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പാകിസ്ഥാന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ച ഇന്ത്യന്‍ നിലപാടിനെതിരെയാണ് സഖ്‌ലെയ്ന്‍ രംഗത്ത് വന്നത്.
പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നേരിട്ടുകാണാനുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് പറഞ്ഞ സഖ്‌ലെയ്ന്‍ ഞയറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും വ്യക്തമാക്കി. ഞങ്ങള്‍ എപ്പോഴും ഇന്ത്യന്‍ കളിക്കാറെ അഭിനന്ദിക്കാറുണ്ട്. പാകിസ്ഥാനിലെ ആരാധകരാണെങ്കില്‍ കോലിയെയും ബുമ്രയേയുമെല്ലാം നേരി കാണാന്‍ കാത്തിരിക്കുന്നവരാണ്. എന്നാല്‍ ബിസിസിഐയുടെ കോപവും പ്രശ്‌നവുമെല്ലാം ഒരുക്കാലത്തും അവസാനിക്കില്ല.
അവരെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നതെന്നും എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നതെന്നും എനിക്കറിയില്ല. എപ്പോഴാണ് അവര്‍ക്ക് ബോധവും വിവേകവും വെയ്ക്കുന്നത്. എപ്പോഴാണ് ഹൃദയങ്ങള്‍ വിശാലമാകാന്‍ പോകുന്നത്. നിങ്ങള്‍ ഒരു ടൈയും ഇംഗ്ലീഷും സംസാരിച്ച് നടന്നാല്‍ പരിഷ്‌കൃതരാകുന്നുവെന്ന് കരുതുന്നുണ്ടോ? ബിസിസിഐ തീരുമാനത്തില്‍ പാകിസ്ഥാന്‍ നിലപാട് എടുക്കുകയും അവരെ ഒരു പാഠം പഠിപ്പിക്കുകയും വേനം. സഖ്‌ലെയ്ന്‍ പറഞ്ഞു.