സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് ചേക്കേറിയതോടെ രാജസ്ഥാനില്‍ ഒഴിവ് വന്ന നായകസ്ഥാനത്ത് ആരായിരിക്കും അടുത്ത സീസണില്‍ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ സഞ്ജുവിന് പകരമായി രാജസ്ഥാന്‍ ടീമിലെത്തിച്ച സീനിയര്‍ താരമായ രവീന്ദ്ര ജഡേജയുടേതടക്കം പല താരങ്ങളുടെയും പേര് ക്യാപ്റ്റന്‍ സ്ഥാനത്തിനായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ്.
രാജസ്ഥാന് വേണ്ടി നായകനെന്ന ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ 7-8 മത്സരങ്ങളില്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. ഡ്രസ്സിങ്ങ് റൂമില്‍ ടീമിന്റെ തീരുമാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ 85 ശതമാനം വരെ ശരിയായ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. ലേലത്തിന് ശേഷമായിരിക്കും ക്യാപ്റ്റന്‍സിയെ പറ്റിയുള്ള തീരുമാനമെടുക്കുക എന്നാണ് രാജസ്ഥാന്‍ ഉടമയായ മനോജ് ബാദലെ വ്യക്തമാക്കിയിട്ടുള്ളത്.
ടീം മാനേജ്‌മെന്റ് എന്നെ യോജിച്ചയാളാണ് കാണുന്നുവെങ്കില്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു കളിക്കാരനായി എനിക്ക് കൂടുതല്‍ സംഭാവന നല്‍കാനാവുമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. പരാഗ് പറഞ്ഞു. അതേസമയം ക്യാപ്റ്റന്‍സി ഉത്തരവാദിത്തം ഏറ്റെടുത്താല്‍ ക്രിക്കറ്റിന്റെ സാധ്യത 20 ശതമാനം കുറയുമെന്നും കളിയ്‌ക്കൊപ്പം മാധ്യമങ്ങള്‍ക്ക് ഉത്തരം നല്‍കുക, ടീം മീറ്റിങ്ങുകളില്‍ പങ്കെടുക്കുക തുടങ്ങി പല അധിക ചുമതലകളും ക്യാപ്റ്റനുണ്ടെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.