കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പകുതിയില്‍ തന്നെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി രാജസ്ഥാന്‍ റോയല്‍സ് ഇടമ മനോജ് ബദ്‌ലെ. ട്രേഡ് ഡീല്‍ വഴി സഞ്ജു രാജസ്ഥാനില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെത്തിയ ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഉടമയുടെ വെളിപ്പെടുത്തല്‍.
2025ലേത് സഞ്ജുവിന് ഏറെ വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു. പരിക്ക് കാരണം ഏതാനും മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളിച്ചത്. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗായിരുന്നു ടീം നായകന്‍. ബാറ്ററെന്ന നിലയില്‍ 9 ഇന്നിങ്ങ്‌സുകളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സഞ്ജുവിന് നേടാനായത്. ടൂര്‍ണമെന്റിലുടനീളം രാജസ്ഥാന്‍ മോശം പ്രകടനം നടത്തിയതോടെ സഞ്ജു വൈകാരികമായി തളര്‍ന്നെന്ന് മനോജ് ബദ്‌ലെ പറയുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിക്ക് ശേഷമാണ് ഈ സീസണോടെ ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു പറഞ്ഞത്. മനോജ് ബദ്‌ലെ പറയുന്നു.
സഞ്ജു വളരെ സത്യസന്ധനായ വ്യക്തിയാണ്. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ വെച്ച് ടീമില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാര്യം സഞ്ജു പറഞ്ഞു. വ്യക്തിപരമായും വൈകാരികമായും അദ്ദേഹം തളര്‍ന്നിരുന്നു. 14 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണ്‍ അദ്ദേഹത്തെ ഒരുപാട് ചിന്തിപ്പിച്ചിരിക്കാം. അദ്ദേഹം തന്റെ കരിയറിന്റെ ഒരു വലിയ ഭാഗം രാജസ്ഥാനായി നല്‍കിയ താരമാണ്. സ്വയം പുതുക്കാന്‍ പുതിയൊരു അദ്ധ്യായം ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നികാണും. രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ ബദ്‌ലെ പറയുന്നു.