പരിക്കേറ്റ ഡൽഹി നായകൻ ശ്രേയസ് അയ്യർക്ക് പകരം ഇത്തവണ ഐപിഎല്ലിൽ ടീമിനെ നയിക്കുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം റിഷഭ് പന്താണ്. അടുത്തിടെയായുള്ള തന്റെ പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റ് ആരാധകരുടെയും മുൻ താരങ്ങളുടെയും പ്രശംസക്ക് പാത്രമായ പന്തിനെ നായകനാക്കുന്നതിനെ അനുകൂലിച്ചാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്.
ഇപ്പോളിതാ പന്തിനെ പിന്തുണച്ചുകൊണ്ട് ഡൽഹി ക്യാപിറ്റൽസ് കോച്ചും മുൻ ഓസീസ് നായകനുമായ റിക്കി പോണ്ടിങും രംഗത്തെത്തിയിരിക്കുകയാണ്. ശ്രേയസിന് സീസണ്‍ നഷ്ടമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. പക്ഷേ, പന്ത് അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തുന്ന പന്തിന് ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൂടി കിട്ടിയതോടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോണ്ടിങ് പറഞ്ഞു. നേരത്തെ പന്ത് ഇന്ത്യൻ നായകനായാലും അത്ഭുതപ്പെടാനില്ലെന്നാണ് മുൻ ഇന്ത്യൻ നായകനായ മുഹമ്മദ് അസറുദ്ദീൻ പ്രതികരിച്ചത്.