ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലെത്തിയ ശേഷം കാര്യമായ നേട്ടമൊന്നും ക്ലബ് ഫുട്ബോളിൽ സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. 2 സീസണുകളിലായി പിഎസ്ജിയിലുള്ള താരം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഒരു നേട്ടവും ഈ കാലയളവിൽ സ്വന്തമാക്കാൻ ക്ലബിനായിട്ടില്ല. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ മെസ്സി, എംബാപ്പെ,നെയ്മർ എന്നീ വമ്പന്മാരെ ടീമിലെത്തിച്ചെങ്കിലും നിരാശ മാത്രമാണ് പിഎസ്ജിക്ക് ബാക്കി.
പിഎസ്ജിയുടെ ഈ വീഴ്ചയിൽ പ്രധാനമായും മെസ്സിയെയാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്. ലയണൽ മെസ്സി വാങ്ങുന്ന പ്രതിഫലത്തിനനുസരിച്ചുള്ള ജോലി ക്ലബിൽ വരുന്നില്ലെന്ന് പിഎസ്ജിയുടെ തീവ്ര ആരാധകസംഘമായ അൾട്രാസ് പറയുന്നു. വരുന്ന ദിവസങ്ങളിൽ മെസ്സിക്കെതിരെ കൂക്കിവിളിക്കുന്നതടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പിഎസ്ജിയിൽ കരാർ പൂർത്തിയാകുന്ന മെസ്സി കരാർ പുതുക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മെസ്സിയും നെയ്മറുമടങ്ങുന്ന സീനിയർ താരങ്ങൾക്ക് പകരം പുതിയ നിരയെ രൂപപ്പെടുത്താനാണ് നിലവിൽ ക്ലബ് പദ്ധതിയിടുന്നത്. ആരാധകർ കൂടി എതിരാവുകയാണെങ്കിൽ മെസ്സി പിഎസ്ജിയിൽ തുടരാൻ സാധ്യത വളരെ കുറവാണ്.