ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് രവി ശാസ്ത്രി ഒഴിയുകയാണ്. ആരായിരിക്കും ഇന്ത്യയുടെ പുതിയ പരിശീലകന്‍ എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ച് പരിചയമുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലകനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബെംഗളൂരുവില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ ദ്രാവിഡ് നിലപാടെടുത്തതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.
എന്നാല്‍, രാഹുല്‍ ദ്രാവിഡിനെ പൂര്‍ണ്ണമായി തള്ളാന്‍ ബിസിസിഐ തയ്യാറല്ല. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാകണമെന്ന ആഗ്രഹം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് ഉണ്ട്. താല്‍ക്കാലികമായി ആണെങ്കിലും ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനോട് ഗാംഗുലി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
'സ്ഥിരമായി ഇന്ത്യന്‍ പരിശീലകനാകുന്നതില്‍ രാഹുല്‍ ദ്രാവിഡിന് താല്‍പര്യമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ, ബിസിസിഐ ഇതുവരെ അദ്ദേഹത്തോട് ഇതേകുറിച്ച് നേരിട്ടു സംസാരിച്ചിട്ടില്ല. താല്‍ക്കാലികമായി ആണെങ്കിലും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനു നന്നായി സാധിക്കും. നമുക്ക് നോക്കാം, അവസരം വരുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തോട് ഇതേകുറിച്ച് ഞങ്ങള്‍ ചോദിക്കും,' ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോണിയെ തിരഞ്ഞെടുത്തത് സ്വന്തം താല്‍പര്യ പ്രകാരമാണോ എന്നും അഭിമുഖത്തില്‍ ഗാംഗുലിയോട് ചോദിച്ചു. 'ധോണിയെ മെന്ററാക്കാനുള്ള തീരുമാനം ആരുടേതാണ് എന്നതിനു ഇവിടെ പ്രസക്തിയില്ല. ഇന്ത്യയുടെ വിജയം മാത്രമാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതും. ടി 20 ലോകകപ്പില്‍ മാത്രമേ ധോണി മെന്റര്‍ ആയി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകൂ,' ഗാംഗുലി വ്യക്തമാക്കി.