അനില്‍ കുംബ്ലെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. വിദേശ പരിശീലകര്‍ വേണ്ട എന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നിലപാടെടുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന് അറിഞ്ഞതോടെയാണ് വിദേശ പരിശീലകന്‍ എന്ന സാധ്യത ബിസിസിഐ പൂര്‍ണമായി അടച്ചത്. ബിസിസിഐയ്ക്ക് ഏറ്റവും വിശ്വസ്തനായ ആളെ തന്നെ പരിശീലകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഡ്രസിങ് റൂമില്‍ താരങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും രണ്ട് ചേരികള്‍ രൂപപ്പെട്ടു വരികയാണെന്നും ഗാംഗുലിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് ഏറ്റവും വിശ്വസ്തനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡിനെ തന്നെ പരിശീലകനാക്കിയത്. ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരികയായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം. അത് നടപ്പിലാക്കാന്‍ ദ്രാവിഡ് തന്നെയാണ് വേണ്ടതെന്ന് ഗാംഗുലി തീരുമാനിച്ചിരുന്നു.
ദ്രാവിഡിനെ പരിശീലകനാക്കിയത് ബിസിസിഐയുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് പോലും അഭിപ്രായം ചോദിക്കാതെയാണ് ബിസിസിഐ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിയമിച്ചത്. തന്നോട് അഭിപ്രായം ചോദിക്കാത്തതില്‍ കോലിക്ക് അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ ദ്രാവിഡിന്റെ നിലപാട് കൂടി പരിഗണിച്ചാണ് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്.