ഓസീസിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾഡൻ ഡെക്കിന് പുറത്തായ സൂര്യകുമാർ യാദവിനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സൂര്യകുമാർ ഏകദിന ക്രിക്കറ്റ് പഠിച്ച് വരുന്നതെയുള്ളുവെന്നും ആരും പുറത്താകുന്ന പന്തിലാണ് സൂര്യ പുറത്തായതെന്നും ദ്രാവിഡ് പറഞ്ഞു. ഏകദിന ക്രിക്കറ്റ് ടി20 ക്രിക്കറ്റിൽ നിന്നും വ്യത്യസ്തമാണ്. ഏകദിനത്തിൽ ഇന്ത്യയ്ക്കായി അധികം കളിച്ച് പരിചയമില്ലാത്തത് സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കാം.
ഏകദിന പരമ്പരയ്ക്ക് മുൻപ് ശ്രേയസിനെ നഷ്ടമായത് നിർഭാഗ്യകരമാണ്. ഇന്ത്യയ്കായി നാലാം സ്ഥാനത്ത് ദീർഘകാലമായി കളിക്കുന്ന ബാറ്ററാണ് ശ്രേയസ്. സൂര്യകുമാർ മികവ് തെളിയിച്ച കളിക്കാരനാണ്. അതിനാൽ തന്നെ സൂര്യയുടെ നിലവിലെ ഫോമിൽ ടീമിന് ആശങ്കയില്ല. മുംബൈയിലും വിശാഖപട്ടണത്തും സൂര്യ പുറത്തായത് മികച്ച പന്തുകളിലായിരുന്നു. ടി20 ക്രിക്കറ്റിലും ഐപിഎല്ലിലും സൂര്യ ദീർഘകാലമായി കളിക്കുന്നുണ്ട്. ഒട്ടേറെ സമ്മർദ്ദം നിറഞ്ഞ അവസരങ്ങളിൽ മികച്ച പ്രകടനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കായോ ആഭ്യന്തര ക്രിക്കറ്റിലോ അധികം ഏകദിനമത്സരങ്ങൾ കളിക്കാൻ സൂര്യക്കായിട്ടില്ല. അതിനാൽ തന്നെ ടി20 ക്രിക്കറ്റിലെ പരിചയസമ്പത്ത് ഏകദിനത്തിൽ സൂര്യയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. ദ്രാവിഡ് പറഞ്ഞു.