ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഉച്ചയ്ക്ക് 3:30ന് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിന് തൊട്ടരികെയാണ് പഞ്ചാബ് കിംഗ്‌സ്, ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ 17 പോയന്റുകളുമായി പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാക്കാന്‍ പഞ്ചാബിനാകും. ലീഗില്‍ ശേഷിക്കുന്ന മൂന്ന് കളികളില്‍ 2 വിജയമാണ് പഞ്ചാബിന് ആവശ്യമായിട്ടുള്ളത്.
ലീഗില്‍ വെറും 6 പോയന്റുള്ള രാജസ്ഥാന്‍ നേരത്തെ പുറത്തായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നത് ടീമിന് കരുത്താകും. അതേസമയം പരിക്കേറ്റ് മടങ്ങിയ ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവരുടെ അഭാവമാകും രാജസ്ഥാനെ ബാധിക്കുക. സഞ്ജു മടങ്ങിയെത്തുമ്പോള്‍ യുവതാരമായ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിതീഷ് റാണയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ സഞ്ജു മൂന്നാം നമ്പറില്‍ ഇറങ്ങാനും സാധ്യതയേറെയാണ്.